Sunday 26 July 2015

ഉപേക്ഷിക്കപ്പെട്ട നിറങ്ങള്‍ !


സന്ധ്യ മടങ്ങാന്‍ ഒരുങ്ങുന്നു. പൊട്ട് തൊട്ട  കടല്‍നീലയിലേയ്ക്ക് അബലനായി താഴ്ന്നു പോകുന്നു സൂര്യപ്രഭ.

എവിടെ തിരക്കിട്ട് പോവുകയാണ് കടുത്ത ആ ചുവപ്പ്?

പാതയോരത്തു നിരങ്ങുന്ന സന്ധ്യയൊന്നു മറയുമ്പോള്‍ നിറങ്ങളെ കൊള്ള ചെയ്യുന്നവര്‍ വരും പോലും!
അപ്പോള്‍ നിറങ്ങളെയൊക്കെ ചിറകില്‍ ഒതുക്കി വയ്ക്കുന്ന ഇരുട്ട് നിറങ്ങളുടെ അമ്മയാണ് പോലും!

നാടകക്കമ്പനിയുടെയും സര്‍ക്കസ്സുകമ്പനിയുടെയും ബലൂണുകച്ചവടക്കാരന്‍റെയും ചവിട്ടുനാടകസംഘത്തിന്‍റെയുമൊക്കെ നിറങ്ങളെ അമ്മ തന്നെ തിന്നുതീര്‍ത്തിരിക്കാനെ തരമുള്ളൂ! 
ശൂന്യതയെ നോക്കി പകലുകളില്‍പ്പോലും അവരൊക്കെ നിറംകെട്ടിരിക്കുകയാണ്.

ബാക്കിയുള്ള ഭൂരിഭാഗം നിറങ്ങളെയാണ് രാവില്‍ അമ്മയിരുട്ട് ചിറകിലൊതുക്കി വയ്ക്കുന്നത്. 
മതങ്ങളോടോ കൊടികളോടൊ ഇണങ്ങിയ നിറങ്ങള്‍!
കൊടിമരങ്ങള്‍ക്ക് കീഴിലും ദേവാലയമുറ്റത്തുമായി ചിതറിക്കിടക്കുന്ന നിറങ്ങള്‍! 
സ്വന്തം വിശ്വാസങ്ങളുടെ പേരില്‍ അപരനെ വെട്ടിത്തുണ്ടമാക്കിയാലും അമ്മ ഉപേക്ഷിക്കില്ല! അതൊന്നും ഒരു അഭിമാനക്ഷതമല്ല!

അത്തരമൊരു വര്‍ണശൂന്യതയിലൂടെ തിരിച്ചുനടക്കുമ്പോള്‍ അമ്മയില്ലാത്ത ചില നിറങ്ങള്‍ വഴിയിലിങ്ങനെ മുല്ലപ്പൂക്കളും ചൂടി നിന്ന് വിളിക്കും. 
മിക്കതും അമ്മയില്‍ നിന്നു കൊള്ള ചെയ്യപ്പെട്ടവ. 
അഭിമാനത്തിന്‍റെ പേരും പറഞ്ഞ് അമ്മയുപേക്ഷിച്ചവ! 
ചിരിക്കുന്ന നിറങ്ങള്‍! 
മഞ്ഞച്ച, വിളറിയ കത്തല്‍ വിറ്റു പണമുണ്ടാക്കേണ്ടിവരുന്ന ഗതികെട്ട നിറങ്ങള്‍ !

ഉപേക്ഷിക്കപ്പെട്ട നിറങ്ങള്‍ക്ക് ഭിക്ഷയും എച്ചിലും കൊടുക്കേണമെന്ന് മുറവിളി കൂട്ടുന്നു അമ്മയ്ക്കുള്ളിലിരുന്നു ചില കടുത്ത നിറങ്ങള്‍! 
അവരിങ്ങനെ ഗതികെട്ടവരായി തുടരട്ടെ! എങ്കിലും തിരിച്ചുവിളിച്ചുകൂടാ നമ്മളെപ്പോലെ തിരിച്ചാവണ്ടാ എന്നത്രേ!

അവരും എപ്പോഴും അമ്മയെത്തന്നെയാണ് വിളിക്കുന്നത്. നിത്യസ്വര്‍ഗങ്ങളെ കാത്തിരിക്കുന്ന വിഫലതയെ വന്നു പുല്‍കി പൊതിയുവാന്‍ വിളിക്കയാണ്! 
അമ്മയുപേക്ഷിച്ച അവസ്ഥ എപ്പോഴും സ്വാതന്ത്ര്യമല്ല എന്നത് ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രം തിരിയാതെ തിരിയുന്ന സത്യമാണ്!

വെളിച്ചങ്ങളൊക്കെ ദുഃഖമാണെന്നു പറഞ്ഞ കവി സത്യമാണ്. ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങളെ കാണേണ്ടി വരുന്ന ദുഃഖം! 
ഉള്ള സുരക്ഷിതത്വത്തിലിരുന്ന് മറ്റ് ചിലവ അങ്ങോട്ടുമിങ്ങോട്ടും വെട്ടിത്തുലയുന്നത് കാണുന്ന ദുഃഖം!
അപ്പോഴൊക്കെ പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കും! പെറ്റ ഇരുട്ട് കൈനീട്ടി അവിടെയുണ്ടെന്നുറപ്പ് വരുത്തും. ഉപേക്ഷിക്കപ്പെട്ടവരെ രണ്ടാം കണ്ണുകൊണ്ടു വീണ്ടും ഉപേക്ഷിക്കും. മരിച്ച നിറങ്ങളെ മാലയിട്ടു വയ്ക്കും. ആത്മനിന്ദ തോന്നുമെങ്കിലും പ്രകാശത്തിലേയ്ക്ക് കൈനീട്ടി സ്വന്തം ആവൃത്തിയെ പ്രതിഫലിപ്പിച്ചു കത്തും!
അതു കണ്ടു മോഹിച്ചു അത്തറു പൂശിയടുക്കുന്ന നിറവുമായിണ ചേരും! അതേ പകലുകള്‍! അതേ രാത്രികള്‍!
സഹോദരങ്ങളില്‍ നിന്നടര്‍ത്തിമാറ്റപ്പെട്ട അപൂര്‍ണമായ നിറക്കൂട്ടുകള്‍!


No comments:

Post a Comment