Friday 7 August 2015

വസന്തമുല്ല

അന്ന്
രാവിലെ തന്നെ വീടിനുമുന്‍പിലും പുറത്തുമെല്ലാം ഊതക്കുപ്പായക്കാരുണ്ടായിരുന്നു.


പത്തുമണിയോടുകൂടി നഗരം ഒരു  പൂച്ചെടി പോലെയായി. 
അന്തേവാസികളൊന്നും വീടിനുള്ളില്‍ ഉണ്ടായിരുന്നില്ല. 
എല്ലാവരും തെരുവിലായിരുന്നു. 
ഭയന്നുവിറച്ച് ചലനമില്ലാതെ കൂടി നില്‍ക്കുകയായിരുന്നു.
ശ്വാസം കഴിക്കുന്നതുപോലും ശബ്ദമില്ലാതെയായിരുന്നു. 

എങ്കിലും കാറ്റിനെ പിടിച്ചുകെട്ടാന്‍ ഒരുത്തനും കഴിഞ്ഞിരുന്നില്ല. 
ചുറ്റും നിന്നവരുടെ വിയര്‍പ്പുമണം കൊണ്ട് അവരൊന്നും മരിച്ചിട്ടില്ല എന്നു ഓരോരുത്തരും തിരിച്ചറിഞ്ഞു.  

നഗരം ഫര്‍ദീനെ വിചാരണ ചെയ്യുകയായിരുന്നു. 


ഊതക്കുപ്പായക്കാരന്‍ ചൂണ്ടിയ തോക്കിന്‍കുഴലിന്‍റെ മുന്‍പില്‍, നിലത്തു വെറും മണ്ണിലേയ്ക്ക് കണ്ണു നട്ടിരുന്ന ഫര്‍ദീനെ കാണാന്‍ വിഷാദരോഗം ബാധിച്ചവനെപ്പോലെയിരുന്നു. 

അവന്‍ നിരാശനായിരുന്നു. 
അവന്‍റെ മുന്‍പില്‍ത്തന്നെ കടലാസുകഷണങ്ങള്‍ക്കൊപ്പം അവന്‍റെ കൈപ്പട തീപ്പെട്ടു. 
എങ്കിലും അതു പുണര്‍ന്ന കാറ്റിന് വസന്തം മണത്തു. 

കുഞ്ഞുസലീമിനെ എന്‍റെ കയ്യിലേല്‍പ്പിച്ച് യാസ്മിന്‍ അവന്‍റെയടുത്തേയ്ക്ക് നടന്നു.


പ്രത്യേകിച്ച് ഒന്നും ചോദിക്കാനും പറയാനും ഉണ്ടായിരുന്നില്ല. 

എന്‍റെ മട്ടും മാതിരിയും കണ്ടാല്‍ വല്ലാതെ ഒച്ച വച്ച് നിലവിളിക്കുമായിരുന്ന സലീം എന്‍റെ കയ്യിലേയ്ക്ക് മടി കൂടാതെ വന്നു. കുഞ്ഞുകൈകള്‍ രണ്ടും എന്‍റെ കഴുത്തിലൂടെയിട്ട് ഒച്ചവയ്ക്കാതെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നിരുന്നു. 

ഇനി പ്രത്യേകിച്ചു അദ്ഭുതങ്ങളൊന്നും സംഭവിക്കാനില്ല. 
മരണം കാറ്റിലുണ്ട്. 

യാസ്മിനു നേര്‍ക്ക് ഒരു ഊതക്കുപ്പായക്കാരന്‍ നിറയൊഴിച്ചു. നിസ്സഹായനായ ഫര്‍ദീന്‍ മരണം തൊട്ട ഭാര്യയെ കണ്ടു മുന്നോട്ടാഞ്ഞു. 

ഫര്‍ദീന്‍റെ കുപ്പായം ചുവന്നു. 
അവസാനരഹസ്യം കൈമാറാന്‍ മാത്രം അടുപ്പത്തിലെത്താനൊന്നുമായില്ല അവര്‍ക്ക്. 
മരണം കാറ്റില്‍ തന്നെയുണ്ടായിരുന്നു.  
അത് അവരെ രണ്ടാളെയും രതിയിലെന്നപോലെ മൂര്‍ച്ഛിപ്പിച്ചു. 


എന്നെ നോക്കാന്‍ കൂടി ഭയന്നിരുന്ന കുഞ്ഞുസലീം അങ്ങനെയാണ് എന്നോട് പറ്റിച്ചേര്‍ന്ന് എന്‍റെ ശരീരത്തിന്‍റെയും ആത്മാവിന്‍റെയുമൊക്കെ ഭാഗമായത്.  

ഉപ്പാ എന്നെന്നെ വിളിക്കും!

ചായപ്പെന്‍സില്‍ കൊണ്ട് അവന്‍ വരയ്ക്കുന്ന ചിത്രങ്ങളൊക്കെ നോക്കാന്‍ എനിക്കിന്നു കട്ടിക്കണ്ണട വേണം! 

ചിലര്‍ക്കൊക്കെ ഇങ്ങനെ നിയോഗമുണ്ടാകാം. വസന്തമുല്ലയുടെ മണമുള്ള കാറ്റിനു കാവലിരിക്കുക എന്നത്! 


9 comments:

  1. നന്നായിട്ടിടുണ്ട്...

    ReplyDelete
  2. വാക്കുകള്‍ ഇത്രയും മനോഹരമാകുന്നത് വളരെ അപൂര്‍വം
    എന്റെ വാക്കുകള്‍ ഇത്രയേ പറയാനുള്ളൂ

    ReplyDelete
  3. കൊള്ളം...നന്നായിട്ടുണ്ട്.... തുടരുക!!!!!

    ReplyDelete